മരിയുപോൾ: റഷ്യ ആക്രമണം തുടരുന്ന നഗരങ്ങളിൽ നിന്നുള്ള പലായനം തുടരുന്നു. 10 മാനുഷിക ഇടനാഴികളിൽ എട്ടിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നത് തുടരുകയാണ്. ആകെ 6623 പേരെ ഒഴിപ്പിച്ചെന്നും മരിയുപോളിൽ നിന്നു മാത്രം 4128 പേർ പലായനം ചെയ്‌തുവെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു.
റഷ്യൻ സൈന്യം തുറമുഖ നഗരമായ മരിയുപോളിലെ ആക്രമണം ശക്തമാക്കി. ശനിയാഴ്‌ച നഗരത്തിൽ നടന്ന ആക്രമണത്തിൽ പ്രധാന സ്റ്റീൽ പ്ലാന്‍റ് അടച്ചുപൂട്ടിയിരുന്നു. ആക്രമണത്തെ തുടർന്ന് കൂടുതൽ പാശ്ചാത്യ സഹായത്തിനായി പ്രാദേശിക ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്.
മരിയുപോളിലെ ആയിരക്കണക്കിന് ജനങ്ങളെ യുക്രൈനിൽ നിന്നും റഷ്യയിലേക്ക് താമസം മാറാൻ റഷ്യൻ സൈനികർ നിർബന്ധിച്ചതായി മരിയുപോൾ സിറ്റി കൗൺസിൽ അവകാശപ്പെട്ടു. റഷ്യൻ സൈനികർ ലെവോബെറെഷ്‌നി ജില്ലയിൽ നിന്ന് ആളുകളെ നിയമവിരുദ്ധമായി കൊണ്ടുപോയി സ്‌പോർട്‌സ് ക്ലബ്ബിന്‍റെ കെട്ടിടത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും സിറ്റി കൗൺസിൽ അവകാശപ്പെടുന്നു.
Also Read: 'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ