മരിയുപോൾ: തുറമുഖ നഗരമായ മരിയുപോൾ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കപ്പെട്ടുവെന്ന് മരിയുപോളിലെ യുക്രൈൻ പൊലീസ് ഉദ്യോഗസ്ഥൻ. യുദ്ധത്തിൽ തകർന്ന മരിയുപോൾ തെരുവിൽ നിന്നുള്ള വീഡിയോയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ മൈക്കൽ വെർഷ്‌നിൻ മരിയുപോളിന്‍റെ അവസ്ഥ വ്യക്തമാക്കിയത്.
കുട്ടികളും പ്രായമായവരുമുൾപ്പെടെ കൊല്ലപ്പെടുകയാണ്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സഹായ വാഗ്‌ദാനം ചെയ്‌തെങ്കിലും അവയൊന്നും പൂർണമായില്ല. യുക്രൈന് ആധുനിക വ്യോമ പ്രതിരോധ സംവിധാനം നൽകണമെന്നും ജനങ്ങളെ രക്ഷിക്കണമെന്നും വീഡിയോയിൽ മൈക്കൽ അമേരിക്കയോടും ഫ്രാൻസിനോടും അഭ്യർഥിച്ചു.
കെട്ടിടങ്ങളിൽ നിന്ന് തീജ്വാലകൾ വരുന്നതും സ്‌ഫോടന ശബ്‌ദങ്ങളും തകർന്ന കെട്ടിടങ്ങളും വീഡിയോയിൽ കാണാം.
2016ൽ സിറിയയിൽ റഷ്യൻ പിന്തുണയോടെ നടന്ന ആഭ്യന്തര യുദ്ധത്തിനിടെ തകർക്കപ്പെട്ട സിറിയൻ നഗരമായ അലപ്പോയുടെ വിധിയാണ് മരിയുപോൾ അഭിമുഖീകരിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. പ്രതിപക്ഷത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പിടിച്ചുനിൽക്കാനുള്ള കഴിവ് ഇല്ലാതാകുന്നതു വരെ ചുറ്റും ഉപരോധങ്ങൾ ഏർപ്പെടുത്തിയും ബോംബെറിഞ്ഞും പട്ടിണി സൃഷ്‌ടിച്ചും സിറിയൻ പ്രസിഡന്‍റ് ബാഷർ അസദിന്‍റെ സർക്കാരിനെ റഷ്യ സഹായിച്ചിരുന്നു.