മോസ്‌കോ: യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതോടെ, ഏറ്റവും കൂടുതല്‍ ഉപരോധങ്ങള്‍ നേരിടുന്ന രാജ്യമായി റഷ്യ. 3,616 ഉപരോധങ്ങളുള്ള ഇറാനെയാണ് റഷ്യ മറികടന്നത്. ആഗോള തലത്തിലെ ഉപരോധങ്ങളെ കുറിച്ച് പരിശോധിയ്ക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ കാസ്റ്റെല്ലം എഐ എന്ന കമ്പനിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കിഴക്കന്‍ യുക്രൈനിലെ വിമത പ്രദേശങ്ങളായ ഡോനെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനേയും സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയും സഖ്യ കക്ഷികളുമാണ് റഷ്യയ്ക്ക് മേല്‍ ആദ്യം ഉപരോധം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 24ന് റഷ്യ യുക്രൈനില്‍ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്ക്ക് എതിരെ നൂറുകണക്കിന് ഉപരോധങ്ങളുണ്ടായി.
Also read: യുക്രൈനിൽ അഞ്ചിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
ഫെബ്രുവരി 22ന് മുന്‍പായി റഷ്യയ്ക്ക് മേല്‍ 2,754 ഉപരോധങ്ങള്‍ ഉണ്ടായിരുന്നു. യുക്രൈനില്‍ ആക്രമണം ആരംഭിച്ചതോടെ 2,778 ഉപരോധങ്ങള്‍ കൂടിയായി. നിലവില്‍ 5,532 ഉപരോധങ്ങളാണ് റഷ്യ നേരിടുന്നത്. സ്വിറ്റ്സര്‍ലാന്‍ഡ് (568), യൂറോപ്യന്‍ യൂണിയന്‍ (518), കാനഡ (454), ഓസ്‌ട്രേലിയ (413), യുഎസ് (243), യുകെ (35), ജപ്പാന്‍ (35) എന്നിങ്ങനെയാണ് റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളുടെ കണക്ക്.