പാരീസ്: ജി 7 ഉച്ചകോടിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകരും ആഗോളവല്‍ക്കരണ വിരുദ്ധ സംഘടനകളും നടത്തിയ പ്രതിഷേധത്തിന് നേരെ ഫ്രഞ്ച് പൊലീസ് കണ്ണീര്‍ വാതകവും ജല പീരങ്കയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. ഇന്ന് ജി 7 ഉച്ചകോടി നടക്കാനിരിക്കേയാണ് ഫ്രാന്‍സിലെ ബിയാരിറ്റ്സിന് സമീപം ബയോണില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്.
പ്രതിഷേധക്കാര്‍ നഗരത്തിലേക്ക് നടത്തിയ റാലി പൊലീസ് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഒരു മണിക്കൂറിലേറെ സംഘര്‍ഷം നീണ്ടു നിന്നു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാത്താതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘർഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ജി-7 ഉച്ചകോടി നടക്കുന്ന പ്രദേശത്ത് 13,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 9,000 ല്‍ അധികം പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ആമസോണ്‍ മഴക്കാടുകളില്‍ പടർന്ന് പിടക്കുന്ന കാട് തീ നിയന്ത്രണവിധേയമാക്കാൻ നടപടി സ്വീകരിക്കാത്തതിലെ പ്രതിഷേധങ്ങളും റാലിയില്‍ ശക്തമായിരുന്നു.