ലണ്ടൻ: ഫിലിപ്പ് രാജകുമാരന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഹാരി രാജകുമാരൻ ലോസ് ഏഞ്ചൽസിൽ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങി. ലോസ് ഏഞ്ചൽസിൽ നിന്ന് അദ്ദേഹം ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ 1.15 ന് ഹീത്രോയിലെത്തി. ഗർഭിണിയായത് കൊണ്ട് അദ്ദേഹത്തിന്‍റെ ഭാര്യ മേഗൻ ചടങ്ങിൽ പങ്കെടുക്കില്ല.
ഫിലിപ്പ് രാജകുമാരന്‍റെ സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് വിൻഡ്‌സറിൽ നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ 30 പേരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. ഇതേതുടർന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് പൊതുജനങ്ങളോട് പൊലീസും ബ്രിട്ടീഷ് സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കെടുക്കുന്നതിനായി താൻ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഫിലിപ്പ് രാജകുമാരന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് ഒരു ദിവസം നേരത്തെ ചേരും. എന്നാൽ ദുഃഖ സൂചകമായി ഈ ആഴ്ച നിയമങ്ങളൊന്നും പാസാക്കില്ല.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ ഏപ്രിൽ 9നാണ് വിൻഡ്‌സർ കോട്ടയിൽ വെച്ച് 99-ാം വയസിൽ അന്തരിച്ചത്. ഫിലിപ്പ് രാജകുമാരൻ 1921 ജൂൺ 10ന് കോർഫുവിൽ ജനിച്ചു. 1947ലാണ് എലിസബത്ത് രാജകുമാരിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് മക്കളും എട്ട് പേരക്കുട്ടികളും 10 കൊച്ചുമക്കളും ഉണ്ട്. 2017 മെയിൽ വിശ്രമജീവിതം നയിക്കാൻ അദ്ദേഹം രാജകീയ ചുമതലകളിൽ നിന്ന് വിരമിച്ചിരുന്നു.