ലണ്ടൻ: കൊവിഡ് രോഗം സ്ഥിരീകരിച്ച ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ രോഗ വിമുക്തനായി. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഴ് ദിവസമായി സെല്‍ഫ് ഐസൊലേഷനില്‍ കഴിഞ്ഞിരുന്നു ചാൾസ് രാജകുമാരന്‍റെ രോഗം ഭേദമായതായി രാജകുടുംബ വക്താവ് അറിയിച്ചു.
71 വയസുള്ള ബ്രിട്ടീഷ് കിരീടാവകാശിയായ ചാൾസ് രാജകുമാരൻ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌കോട്ട്ലാൻഡിലെ ക്വീൻസ് ബാല്‍മോറാല്‍ എസ്‌റ്റേറ്റില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞാഴ്‌ച ആബർഡീൻഷെയറിലെ നാഷണൽ ഹെൽത്ത് സർവീസില്‍ നടത്തിയ പരിശോധനയിലാണ് രാജകുമാരന് രോഗം സ്ഥിരീകരിച്ചത്.
രാജകുമാരന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാരിന്‍റെ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ഔദ്യോഗിക ജോലികൾ വസതിയില്‍ നിന്ന് ചെയ്യുകയാണെന്നും ക്ലാരൻ ഹൗസ് റോയല്‍ ഓഫീസ് അറിയിച്ചു. കൊവിഡ് രോഗം സംശയിച്ചതിന് തുടർന്ന് രാജകുമാരന്‍റെ ഭാര്യ കാമിലയുടെ സാമ്പിളും പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. പ്രതിരോധത്തിന്‍റെ ഭാഗമായി കാമിലയും സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു.
ലണ്ടനില്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1228 ആയി. 19,522 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.