ലണ്ടൻ: കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനം കൂട്ടാനൊരുങ്ങി ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോടെക്കും യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഫൈസറും. ഈ വർഷം രണ്ട് ബില്യൺ ഡോസ് കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2020 ല്‍ 1.3 ബില്യണ്‍ കൊവിഡ് മരുന്നാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ആഗോള തലത്തില്‍ മരുന്നിന് ആവശ്യക്കാരേറുന്ന സാഹചര്യത്തില്‍ മരുന്ന് ഉത്പാദനം 50 ശതമാനത്തിലധികം ഉയര്‍ത്തി 2 ബില്യണിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബയോടെക് അധികൃതര്‍ അറിയിച്ചു.
ഉത്പാദനം ശക്തിപ്പെടുത്താനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമാണ്. ബെല്‍ജിയത്തിലെ പ്യൂറസിലുള്ള മരുന്ന് നിര്‍മാണം പുരോഗമിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങള്‍ ആവശ്യപ്പെട്ട അളവിലുള്ള മരുന്ന് ഈ ആഴ്ച തന്നെ കൈമാറാനാകുമെന്ന് ഫൈസര്‍ അധികൃതര്‍ അറിയിച്ചു. ബയോടെക്കിന് മാർബർഗില്‍ മരുന്ന് നിര്‍മാണ കമ്പനികള്‍ നിര്‍മിക്കാൻ ലൈസൻസ് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇവിടെ മരുന്ന് നിര്‍മാണം ആരംഭിക്കാനാണ് കമ്പനി അധികൃതരുടെ ശ്രമം. ഇത് മരുന്ന് ഉത്പാദനം കൂട്ടാൻ സഹായിക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മരുന്ന് കയറ്റുമതി ഫെബ്രുവരി 15ന് ആരംഭിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.