ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ അടുത്ത ആഴ്ച മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. വാക്‌സിന്‍ വിതരണത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല നേരത്തേ തന്നെ അറിയിച്ചിരുന്നു. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് ഫൈസര്‍ അറിയിച്ചത് . 23 ദിവസം കൊണ്ടാണ് ഫൈസർ തങ്ങളുടെ അവസാനഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
ഫൈസര്‍-ബയോൺടെക്കിന്‍റെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആൻഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ അംഗീകരിച്ചതായി യു.കെ സര്‍ക്കാറും അറിയിച്ചു. പ്രായമായവര്‍, ആവശ്യകത ഏറ്റവും കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ദിനങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സിന്‍റെ നാല് കോടി ഡോസുകള്‍ യു.കെ ഇതിനോടകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 കോടി ആളുകള്‍ക്ക് ഇത് മതിയാവും.