സിഡ്നി: തെക്കു കിഴക്കൻ ഓസ്ട്രേലിയയില്‍ പാസഞ്ചർ ട്രെയിനിലെ ബോഗികൾ പാളം തെറ്റി രണ്ട് ഓപ്പറേറ്റർമാർ മരിച്ചു. 12 പേർക്ക് പരിക്കേറ്റതായി പൊലീസ് ഉദ്യേഗസ്ഥർ അറിയിച്ചു. വ്യാഴാഴ്ച സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേക്ക് പോയ ട്രെയിനാണ് പാളം തെറ്റിയത്. വാലന് സമീപമുള്ള വിക്ടോറിയ സ്റ്റേറ്റിന്‍റെ അടുത്താണ് ട്രെയിൻ ട്രാക്കില്‍ നിന്ന് പാളം തെറ്റിയത്. ട്രെയിനിന്‍റെ പൈലറ്റും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 169 യാത്രക്കാരും ജീവനക്കാരുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിനിന്‍റെ എൻജിനും ഒരു ബോഗിയും പാളത്തില്‍ നിന്ന് തെന്നിമാറിയിരുന്നു. അപകടത്തിന്‍റെ കാരണങ്ങള്‍ വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മെല്‍ബണിലേക്ക് കൊണ്ടു പോയതായും അധികൃതർ പറഞ്ഞു. സംഭവത്തില്‍ നാഷണൽ റെയിൽ സേഫ്റ്റി റെഗുലേറ്റർ, ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ, വർക്ക് സേഫ് എന്നിവർ അന്വേഷണം ആരംഭിച്ചു.