ജനീവ: നാല്പത്തി മൂന്നാമത് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എല്ലാ മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും യുഎൻ കൗൺസിലിന് ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിമർശ് ആര്യൻ പറഞ്ഞു. എന്നാല്‍ ഈ ഫോറത്തെ രാഷ്ട്രീയവത്കരിക്കാനും ധ്രുവീകരിക്കാനുമുള്ള ശ്രമമാണ് പാകിസ്ഥാൻ പ്രതിനിധികൾ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ പ്രതിനിധി സംഘം മനുഷ്യവകാശ സംരക്ഷണത്തെ കുറിച്ച് തെറ്റായതും കെട്ടിച്ചമച്ചതുമായ ആശങ്കകളാണ് ഉന്നയിക്കുന്നത്.
ജമ്മു കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിന് തന്നെ ഭീഷണിയാണ് ആഗോള ഭീകരത. പാകിസ്ഥാനാണ് ഇതിന് പിന്തുണ നല്‍കുന്നതെന്ന് അവർ തന്നെ പരസ്യമായി അംഗീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാൻ അത് മോഹിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം ഓർഗനെസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനില്ലെന്നും ആര്യൻ പറഞ്ഞു.
സ്വിറ്റ്സർലാൻഡിലെ ജനീവയിലെ യുഎൻ ആസ്ഥാനത്താണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമ്മേളനത്തിന്‍റെ നാല്പത്തി മൂന്നാമത് സെക്ഷൻ നടക്കുന്നത്.