ലണ്ടൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇംഗ്ലണ്ട് യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ബംഗ്ലാദേശും. ഏപ്രിൽ ഒമ്പത് മുതലാണ് യാത്രാ വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഫിലിപ്പീൻസും കെനിയയും ഉൾപ്പെടെ പുതുതായി നാല് രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ നിലവിൽ രാജ്യങ്ങളുടെ പട്ടികയിൽ ഇല്ല. അവശ്യ യാത്രകളൊഴിച്ച് യുകെയിൽ നിന്നുള്ള മറ്റ് അന്താരാഷ്ട്ര യാത്രകൾ നിലവിലെ ലോക്ക്ഡൗൺ നിയമങ്ങൾ പ്രകാരം നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് വാക്സിൻ വിതരണം നടക്കുന്ന കാലയളവിൽ വൈറസിന്‍റെ പുതിയ വകഭേദങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത്. യുകെയിൽ ഇതുവരെ 30 ദശലക്ഷത്തിലധികം വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. ആകെ 40 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കാണ് യുകെയിൽ ഉള്ളത്.