ലണ്ടന്‍: പ്രായമായവരില്‍ ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തല്‍. കൊവിഡ് അപകടസാധ്യത കൂടുതലുള്ള പ്രായമായവരില്‍ വാക്‌സിന്‍ മികച്ച പ്രതികരണം സൃഷ്‌ടിക്കുന്നുവെന്ന വാര്‍ത്ത ശുഭകരമാണ്. 70 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലാണ് പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആസ്‌ട്രാസെനിക്കെയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രായമായവര്‍ക്ക് പുറമെ ചെറുപ്പക്കാരായ വളന്‍റിയര്‍മാരിലും വാക്‌സിന്‍ സമാന പ്രതികരണമാണ് കാണിച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് അംഗം ഡോ. മഹേഷി രാമസ്വാമി വ്യക്തമാക്കി. രണ്ടാം ഘട്ട ഡോസ് നല്‍കിയ എല്ലാ പ്രായക്കാരും രണ്ടാഴ്‌ചയ്‌ക്ക് ശേഷം മികച്ച പ്രതികരണം കാണിച്ചെന്ന് ഡോ. മഹേഷി കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കാന്‍ സഹായിക്കുന്നുവെങ്കിലും ഇത് ഉറപ്പിക്കുന്നതിന് മുന്‍പ് കൂടുതല്‍ ഗവേഷണം നടത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. പഠന പ്രകാരം പ്രായമായവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. വാക്‌സിനുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും പഠനം പറയുന്നു. ഫൈസര്‍ ബയോണ്‍ടെക്, സ്‌പുടിനിക്, മോഡേര്‍ണ എന്നീ മൂന്ന് വാക്‌സിനുകളാണ് നിലവില്‍ ലോകത്താകെ മൂന്നാം ഘട്ട ട്രയലിന് ശേഷം ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.