ലണ്ടന്‍: കൊറോണ വൈറസിനെതിരെ ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമേയുള്ളൂ എന്ന് ഗവേഷകര്‍. വാക്‌സിൻ പരീക്ഷണത്തിന് യുകെയിലുടനീളം 10,260 വോളന്‍റിയർമാർ പങ്കെടുക്കുമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുകയാണെങ്കിൽ വാക്‌സിൻ പ്രവർത്തിക്കുന്നുണ്ടോയെന്ന് കുറച്ച് മാസങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കും. അല്ലാത്തപക്ഷം ഡാറ്റ ലഭിക്കാൻ ആറ് മാസം വരെ എടുത്തേക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. അതിനാലാണ് കൊറോണ വൈറസ് ബാധിതരാകാൻ സാധ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിന് മുൻഗണന നൽകുന്നത്.
ഓക്‌സ്‌ഫഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ അസ്ട്രസെനെകയും ചേര്‍ന്നാണ് വാക്‌സിന്‍ ഗവേഷണം നടത്തുന്നത്. ഗവേഷകര്‍ വികസിപ്പിച്ച ChAdOx1 nCoV-19 എന്ന വാക്‌സിന് നിലവില്‍ AZD1222 എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യഘട്ട ട്രയല്‍ പൂര്‍ത്തിയാക്കിയ വാക്‌സിന്‍ രണ്ടാംഘട്ട ട്രയലിന് ഒരുങ്ങുകയാണ്. ആദ്യഘട്ടത്തില്‍ പ്രതീക്ഷയ്ക്ക് അനുസരിച്ച് തന്നെയാണ് വാക്‌സിന്‍ പ്രവര്‍ത്തിച്ചതെന്നും വിജയമായിരുന്നെന്നും ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അഡ്രിയാന്‍ ഹില്‍ പറഞ്ഞു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അഡ്രിയാന്‍ ഹില്‍ പറഞ്ഞു.