സ്റ്റോക്ക്‌ഹോം: കാണാതായ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകനെ സ്വീഡനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലൂചിസ്ഥാൻ സ്വദേശിയായ സാജിദ് ഹുസൈൻ എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് രണ്ട് മുതലാണ് ഇയാളെ കാണാതാവുന്നത്. സ്റ്റോക്ക്‌ഹോമില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്ക് ഉപ്‌സാലയില്‍ പ്രൊഫസറായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഏപ്രിൽ 23ന് ഉപ്‌സാലക്ക് പുറത്തുള്ള ഫൈറിസ് നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ബലൂചിസ്ഥാൻ ടൈംസിന്‍റെ ഓൺലൈൻ മാസികയുടെ ചീഫ് എഡിറ്റർ കൂടിയായിരുന്നു സാജിദ് ഹുസൈൻ. മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ട് പോകല്‍, ദീർഘകാലമായി നടക്കുന്ന കലാപങ്ങൾ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം മാസികയില്‍ എഴുതിയിരുന്നു. ഇയാളുടെ മരണം അപകടമരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മാധ്യമ പ്രവർത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രവർത്തനവുമായി മരണം ബന്ധപ്പെട്ടിരിക്കാമെന്നും സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. 2017ൽ സ്വീഡനിലെത്തിയ ഹുസൈൻ 2019ലാണ് രാഷ്ട്രീയ അഭയം നേടിയത്. അതേസമയം ഹുസൈന്‍റെ മരണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.