Man Blasts His 50 Lakh Rupees Car with Dynamite | പുതുമയേറിയ ഫീച്ചറുകളിലൂടെയും നൂതന സാങ്കേതികവിദ്യയിലൂടെയും വാർത്തകളിൽ ഇടം പിടിച്ച ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ടെസ്‌ല. എന്നാൽ അത്യാധുനിക സാങ്കേതികവിദ്യയും ലളിതമായ ഡ്രൈവിങ് സംവിധാനവും കൊണ്ട് എല്ലായ്‌പ്പോഴും ടെസ്‌ല ഉപഭോക്താക്കൾ സന്തുഷ്ടരായെന്ന് വരില്ല. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫിന്‍ലാന്‍ഡില്‍ ഒരാൾ തന്‍റെ 50 ലക്ഷം രൂപ വിലയുള്ള ടെസ്‌ല കാർ 30 കിലോ ഡൈനാമിറ്റ് ഉപയോഗിച്ച് തകർത്ത സംഭവം. കാർ കത്തിക്കുന്ന വീഡിയോ ഉടമ തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.
ടുമസ് കറ്റൈനെൻ എന്നയാളാണ് ലോകശ്രദ്ധ ആകര്‍ഷിക്കാനും പ്രമുഖ വാഹന കമ്പനിയുടെ സേവനത്തിലുള്ള തന്‍റെ നിരാശ അറിയിക്കുന്നതിനുമായി 50 ലക്ഷം രൂപ വിലയുള്ള കാർ തകർത്തത്. ശേഷം 'പൊമ്മിജട്‌കട്' എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിടുകയായിരുന്നു. യൂട്യൂബ് സന്നദ്ധപ്രവർത്തകരുൾപ്പെടെ നിരവധി പേർ ഈ വിചിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. ഏതായാലും ടെസ്‌ല ആരാധകർ ഉൾപ്പടെ വാഹന പ്രേമികൾ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
കൈമെന്‍ലാക്സോ മേഖലയിലെ മഞ്ഞുവീഴ്ചയുള്ള ജാല ഗ്രാമത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാർ തകർക്കുന്നതിന്‍റെ കാരണവും കറ്റൈനെൻ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
ടുമസ് കറ്റൈനെൻ വീഡിയോയിൽ പറയുന്നതിങ്ങനെ
2013 മോഡൽ ടെസ്‌ല എസ് (Tesla Model S, 2013) കാറാണ് ഞാൻ വാങ്ങിയത്. ആദ്യത്തെ 1,500 കിലോമീറ്റർ കാർ നന്നായി ഓടി. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാൽ ദിവസങ്ങൾ ചെല്ലുന്തോറും ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിട്ടുതുടങ്ങി. തുടർന്ന് കാർ നന്നാക്കുന്നതിനായി സർവീസ് സെന്‍ററിനെ സമീപിച്ചു. അവിടെ അവർ ഒരു മാസത്തോളം കാറിൽ വിവിധ അറ്റകുറ്റപ്പണികൾ നടത്തിയശേഷം ഇനിയൊന്നും ചെയ്യാനാകില്ലെന്ന് അറിയിച്ചു.
കാറിന്‍റെ ബാറ്ററി പൂർണമായും മാറ്റുക എന്നതായിരുന്നു കാർ ശരിയാക്കാനുള്ള ഒടുവിലത്തെ മാർഗം. ഇതിന് കുറഞ്ഞത് 20,000 യൂറോ (ഏകദേശം 17 ലക്ഷം രൂപ) ചെലവാകുമെന്നും അവർ അറിയിച്ചു. ഇതിനെ തുടർന്നാണ് കാർ സ്‌ഫോടനത്തിൽ തകർക്കാൻ പദ്ധതിയിട്ടത്.
കാർ തകർത്തത് കൃത്യമായ ആസൂത്രണത്തിന് ശേഷം
കാർ തകർക്കാൻ പദ്ധതിയിട്ട ശേഷം അത് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും കൃത്യമായി ആസൂത്രണം ചെയ്തു. ഇതിനായി കാറുടമ ഒരു ഒഴിഞ്ഞ ക്വാറിയാണ് തെരഞ്ഞെടുത്തത്. കാർ ചിന്നിത്തെറിച്ച് പോകാതെ ഒരേ ദിശയിൽ സ്ഫോടന അവശിഷ്ടങ്ങൾ പോകാനും അവ ഒരു പാറയിൽ ഇടിച്ചുവീഴാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. റെക്കോർഡ് ചെയ്യുന്നതിന് ക്യാമറകളും സജ്ജമാക്കി. തുടർന്ന് ഡൈനാമിറ്റ് ഘടിപ്പിച്ച് കാർ തകര്‍ക്കുകയായിരുന്നു.
സ്‌ഫോടനത്തിന് മുമ്പ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്‍റെ ഒരു പാവയെയും അദ്ദേഹം കാറിനുള്ളില്‍ വച്ചിരുന്നു. ഡിസംബർ 17ന് യൂട്യൂബിൽ ഷെയർ ചെയ്ത വീഡിയോ ഇതുവരെ 18 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.