മോസ്കോ: റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവും ക്രെംലിൻ വിമർശകനുമായ അലക്‌സി നവാൽനിയെ മോസ്കോയിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത് പൊലീസ്. അദ്ദേഹത്തിനൊപ്പം അഭിഭാഷകനെ പോലും പോകാൻ അനുവദിച്ചില്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.
റഷ്യൻ വിമാനക്കമ്പനിയായ പോബെഡയുടെ വിമാനം ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മോസ്കോയിലെ വുൻകോവോയിൽ ഇറങ്ങാനിരിക്കെ വഴി തിരിച്ച് വിടുകയായിരുന്നു. ഫ്ലൈറ്റ് ഡാറ്റാ വിവരമനുസരിച്ച് പ്രാദേശിക സമയം രാത്രി 8 മണിക്ക് ശേഷമാണ് മോസ്കോയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തിലേക്കാണ് തിരിച്ചുവിട്ടത്.
അഞ്ച് മാസങ്ങൾക്ക് മുൻപാണ് നവാൽനിയെ രാസായുധ ആക്രമണത്തിനു ശേഷം കോമയിലായ നിലയിൽ ജർമനിയിൽ എത്തിച്ചത്. സോവിയറ്റ് കാലഘട്ടത്തിൽ റഷ്യ വികസിപ്പിച്ചെടുത്ത സൈനിക ഗ്രേഡ് നാഡി ഏജന്‍റായ നോവിച്ചോക്ക് ആണ് അദ്ദേഹത്തിനെതിരെ രാസായുധ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ നിരവധി പാശ്ചാത്യ നേതാക്കള്‍ റഷ്യയെ കുറ്റപ്പെടുത്തിയിരുന്നു. ജർമനിയിലായിരുന്ന സമയത്ത് നവാൽനിയെ രാജ്യത്തിന്‍റെ ഫെഡറൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.