റോം: രാജ്യത്ത് കൊവിഡ് 19 പടരുന്നത് തടയുന്നതിനായി വൈറസ് ബാധിച്ച ഇറ്റാലിയൻ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്ര തടയുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ. രോഗ ബാധിത പ്രദേശങ്ങളിലേക്കുള്ള ജനങ്ങളുടെ പ്രവേശനം തടയുമെന്നും ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ആരെയും പുറത്തേക്ക് വിടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ച് മണിക്കൂർ നീണ്ടു നിന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പുതുതായി രൂപം കൊണ്ട കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുടെ രൂപരേഖ തയ്യാറാക്കിയെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ ഇതുവരെ 79 കേസുകളിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും രണ്ട് പേർ രോഗം മൂർഛിച്ച് മരണപ്പെട്ടിട്ടുണ്ടെന്നും ഇറ്റലിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി ആഞ്ചലോ ബോറെല്ലി പറഞ്ഞു. ഇറ്റലിയിലെ അഞ്ച് പ്രദേശങ്ങളിലാണ് പുതിയ കൊവിഡ് 19 സ്ഥിരീകരിച്ചത്.