ഹേഗ്: സ്വീഡിഷ് കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന് കുട്ടികൾക്കുള്ള അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം സമ്മാനിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് പതിനാറ് വയസുകാരിയായ ഗ്രേറ്റയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കാമറൂണിയന്‍ സമാധാന ആക്‌റ്റിവിസ്റ്റായ ഡിവിന മാലോമും ഡച്ച് കിഡ്‌സ് റൈറ്റ് സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അര്‍ഹയായി.
കാലാവസ്ഥാ വ്യതിയാനം തടയാന്‍ പതിനാറുകാരിയായ ഗ്രേറ്റ നടത്തിയ സമരങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കാലാവസ്ഥാ സംരക്ഷണത്തിനായി വെള്ളിയാഴ്‌ചകളില്‍ നടത്തുന്ന പഠിപ്പുമുടക്കിയുള്ള സമരത്തിന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളായിരുന്നു പിന്തുണയുമായി എത്തിയത്.
മാഡ്രിഡില്‍ നടക്കുന്ന അന്താരാഷ്‌ട്ര കാലാവസ്ഥാ സമ്മേളനത്തിന് പങ്കെടുക്കാനായി അറ്റ്‌ലാന്‍റിക് സമുദ്രത്തിലൂടെയുള്ള പായ്‌ക്കപ്പല്‍ യാത്രയിലായതിനാല്‍ ഗ്രേറ്റക്ക് പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായില്ല. ജര്‍മ്മന്‍ കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തകയായ ലൂയിസ മേരി ന്യൂബറായിരുന്നു ഗ്രേറ്റക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യയിലെ കുട്ടികളുടെ അവകാശസംരക്ഷണ പ്രവര്‍ത്തകനും നൊബേല്‍ ജേതാവുമായ കൈലാഷ് സത്യാര്‍ഥി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.