ഹൈദരാബാദ്:ആഗോള തലത്തിൽ 42,55,942 ൽ അധികം ആളുകളെ കൊവിഡ് 19 ബാധിക്കുകയും 2,87,332 ൽ അധികം ആളുകൾ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. 15,27,496 ൽ അധികം ആളുകളാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
ചൊവ്വാഴ്ച ചൈനയിൽ ഒരു കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. അതേ സമയം, ബീജിംഗ് മിഡിൽസ്കൂളിലെ സീനിയർ വിദ്യാർഥികൾക്കായുള്ള ക്ലാസുകൾ തുടങ്ങുകയും സന്ദർശകരുടെ എണ്ണം കുറച്ച് ഷാങ്ഹായ് ഡിസ്നിലാന്‍റ് സന്ദർശകർക്കായി വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 പുതിയ കൊവിഡ് കേസുകൾ ദക്ഷിണ കൊറിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സിയോളിലെ ക്ലബ്ബുമായി ബന്ധമുള്ള ഡസൻ കണക്കിന് ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തലസ്ഥാന നഗരത്തിലെ നൈറ്റ് സ്പോട്ടുകൾ സന്ദർശിച്ച ആയിരക്കണക്കിന് ആളുകളെ പിശോധനക്ക് വിധേയരാക്കി.
ദക്ഷിണ കൊറിയയിലെ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,936 ഉം കൊവിഡ് മരണങ്ങളുടെ എണ്ണം 258ഉം ആണ്. കുറഞ്ഞത് 1,138 കൊവിഡ് കേസുകൾ അന്താരാഷ്ട്ര ബന്ധമുള്ളവയാണ്.