ഹൈദരാബാദ്: ആഗോളത്തലത്തില്‍ ഇതുവരെ കൊവിഡ് 19 പകര്‍ച്ചവ്യാധി 18,53,155 പേരെ ബാധിക്കുകയും 1,14,247 പേര്‍ മരിക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ഇതില്‍ 4,23,625 പേര്‍ രോഗമുക്തി നേടി. ചൈനയില്‍ പുതിയതായി 108 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 98 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഏഴ് പോസിറ്റീവ് കേസുകള്‍ റഷ്യയുടെ അതിര്‍ത്തി പ്രദേശമായ ഹീലോങ്‌ജിയാങ് പ്രവിശ്യയിലും മൂന്ന് കേസുകള്‍ ഗ്വാങ്‌ഷോവിലുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വുഹാനില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ചൈനയില്‍ മരണ നിരക്ക് 3,341 ആയി ഉയര്‍ന്നു. ഇതുവരെ 82,160 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
എന്നാല്‍ ന്യൂസിലാന്‍റിൽ കൊവിഡ് വ്യാപനത്തിന്‍റെ തോത് കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്‌ച 19 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. അഞ്ച് പേര്‍ മരിച്ചു. ദക്ഷിണ കൊറിയയില്‍ പുതിയതായി 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,537 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ കഴിഞ്ഞ മൂന്ന് ആഴ്‌ചത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് രേഖപ്പെടുത്തിയത്. 431 പേര്‍. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19,899 ആയി. ഇറ്റലിയില്‍ ലോക്‌ഡൗണ്‍ തുടരുകയാണ്. ഇറ്റലിയില്‍ അഞ്ച് ആഴ്‌ചക്കിടെ 4000 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.