ജനീവ: ഇന്ത്യൻ നിർമിത കൊവിഷീൽഡ് വാക്‌സിന് അനുമതി നൽകാത്ത യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി ഘാന പ്രസിഡന്‍റ് നാനാ അഡോ ദങ്ക്വാ അകുഫോ-അഡോ. യൂറോപ്പിലെ ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനുള്ള സമീപകാല നടപടികൾ നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, യാത്രാ നിയന്ത്രണത്തിനുള്ള ഉപകരണമായി വാക്‌സിനുകൾ ഉപയോഗിക്കുന്നത് യഥാർഥത്തിൽ വിപരീത നടപടിയാണെന്നും വിമർശിച്ചു.
ALSO READ: വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍; ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച നടത്തി
ഐക്യരാഷ്ട്രസഭയുടെ 76ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ 'കൊവാക്‌സ്' പദ്ധതിയിലൂടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൊവിഷീൽഡ് സംഭാവന ചെയ്‌തിരുന്നു. അവയിൽ ഘാനയിലേക്ക് 6.52 ലക്ഷം ഡോസ് ഇന്ത്യൻ നിർമിത വാക്‌സിനാണ് എത്തിച്ചത്.
ലോകാരോഗ്യ സംഘടന, ലോക വ്യാപാര സംഘടന, മറ്റ് ആഗോള പങ്കാളികൾ എന്നിവരുമായി കൂടി ചേർന്ന് ആഫ്രിക്കയും തങ്ങളുടെ വാക്‌സിൻ നിർമാണവും വിന്യാസവും വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാക്‌സിൻ അനുമതി നിഷേധിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളുടെ നടപടി നിർഭാര്യകരമാണെന്നും അകുഫോ-അഡോ പറഞ്ഞു.
ഇന്ത്യയുടെ ശക്തമായ സമ്മർദം മൂലം ബുധനാഴ്‌ചയാണ് കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയതായി ബ്രിട്ടൻ അറിയിച്ചത്. എന്നിരുന്നാലും രണ്ട് ഡോസ് കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യൻ യാത്രക്കാരും ബ്രിട്ടനിൽ 10 ദിവസത്തെ ക്വാറന്‍റൈനിൽ കഴിയേണ്ടിവരുമെന്ന് ബ്രിട്ടൻ അധികൃതർ പറയുന്നു.