പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ മുതിര്‍ന്ന വത്തിക്കാന്‍ കര്‍ദ്ദിനാള്‍മാരില്‍ ഒരാളായ ജോര്‍ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്മാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നതാണ് പെല്ലിനെതിരെയുള്ള കേസ്.
1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്‍റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അള്‍ത്താര ബാലകരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ജോര്‍ജ് പെല്ലിനെ ലൈംഗികാതിക്രമക്കേസില്‍ കുറ്റക്കാരെനെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11ന് ഇയാള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും പെല്‍ അപ്പീല്‍ നല്‍കിയിരുന്നു.
താന്‍ നിരപരാധിയാണെന്നും കേസ് അസത്യമാണെന്നും തനിക്ക് ലൈംഗിക കാര്യങ്ങളില്‍ താല്പര്യമില്ലെന്നുമാണ് പെല്ലിന്‍റെ മൊഴി. വത്തിക്കാനില്‍ പോപ്പിന്‍റെ ഉപദേഷ്ടാവും ട്രഷററും ആയിരുന്നു ഇദ്ദേഹം. വിധി വന്നതോടെ ഈ പദവിയില്‍ നിന്നെല്ലാം പെല്ലിനെ പുറത്താക്കി.