ലണ്ടൻ: കുറഞ്ഞത് ഒരു ലക്ഷം കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ ആഗോളതലത്തിൽ ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) നേതാക്കൾ പ്രഖ്യാപിച്ചേക്കുമെന്ന് യുകെ. ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന യുകെ അടുത്ത വർഷത്തിനുള്ളിൽ കുറഞ്ഞത് 100 ദശലക്ഷം അധിക ഡോസുകൾ കൂടി സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട് . ഇതിനു മുന്നോടിയായി വരുന്ന ആഴ്‌ചകളിൽ അഞ്ച് ദശലക്ഷം ഡോസ് വാക്‌സിൻ നൽകും. വികസ്വര രാജ്യങ്ങളിലേക്ക് സമ്പന്ന രാജ്യങ്ങൾ വാക്‌സിൻ പങ്കുവയ്‌ക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് മുന്നോടിയായിട്ടാണിത്.
വാക്‌സിൻ നിർമാണം വിപുലീകരിക്കണം
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജനാധിപത്യ രാജ്യങ്ങളുടെ സംഘടനയാണ് ജി7. വാക്‌സിൻ സംഭാവന ചെയ്യുന്നതിന് പുറമേ വാക്‌സിൻ നിർമാണം വിപുലീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും സംഘടന പ്രഖ്യാപിച്ചു. കൂടാതെ വാക്‌സിനുകളുടെ വിതരണം അന്താരാഷ്‌ട്ര തലത്തിൽ എങ്ങനെ വിപുലീകരിക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഉച്ചകോടിയിൽ നേതാക്കൾ ചർച്ച ചെയ്യും.
കൊവിഡ് ബാധിത രാജ്യങ്ങൾക്ക് പിന്തുണ
1.3 ബില്യൺ ഡോസുകൾ വികസ്വര രാജ്യങ്ങളുമായി പങ്കിടാമെന്ന് ഫൈസർ, മോഡേണ, ജോൺസൺ ആന്‍റ് ജോൺസൺ കമ്പനികൾ ഇതിനകം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. അതേസമയം കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള കൂടുതൽ മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്യുമെന്നും ഭാവിയിലെ മഹാമാരികൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.
Also Read: ആഗോളതലത്തിൽ 100 ദശലക്ഷം വാക്‌സിനുകൾ വിതരണം ചെയ്യുമെന്ന് ബോറിസ് ജോൺസൺ