റോം : അഫ്‌ഗാൻ ജനതയ്ക്ക് ഒരു ബില്യൺ യൂറോ (നൂറ് കോടി യൂറോ) വാഗ്‌ദാനം ചെയ്‌ത് യൂറോപ്യൻ യൂണിയൻ. ശൈത്യകാലത്തിന് മുന്നോടിയായി അഫ്‌ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഈ സഹായം വിനിയോഗിക്കപ്പെടുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജി-20 രാജ്യങ്ങളും വ്യക്തമാക്കി.
അഫ്‌ഗാന്‍ പ്രതിസന്ധി മറികടക്കാനായുള്ള പ്രവർത്തനങ്ങളിൽ താലിബാൻ സഹകരിക്കണമെന്നും സ്‌ത്രീകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തണമെന്നും കാബൂൾ വിമാനത്താവളവും അതിർത്തികളും തുറക്കണമെന്നും ജി-20 വെർച്വൽ ഉച്ചകോടി ആവശ്യപ്പെട്ടു.
നിലവിൽ ജി 20 യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇറ്റലിയാണ് അസാധാരണ ഉച്ചകോടി വിളിച്ചുചേര്‍ത്തത്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിന്മാറിയതിന് ശേഷമുണ്ടായ പ്രതിസന്ധി യോഗം ചർച്ച ചെയ്‌തു.
പ്രശ്ന പരിഹാരത്തിന് താലിബാനുമായി സഹകരിക്കേണ്ടി വരുമെന്നും എന്നാൽ ഇത് അവരെ അംഗീകരിക്കലല്ലെന്നും ഇറ്റാലിയൻ പ്രീമിയർ മരിയോ ഡ്രാഗി വ്യക്തമാക്കി.
ALSO READ: പൂജപ്പുരയിൽ മരുമകന്‍റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു
എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഭരണകൂടമല്ല അഫ്‌ഗാനിൽ ഉള്ളതെന്നും സ്‌ത്രീ അവകാശങ്ങളിൽ 20 വർഷത്തേക്ക് അഫ്‌ഗാൻ പിന്നോട്ട് പോകുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തുടങ്ങിയവരുടെ പ്രതിനിധികളായി മന്ത്രിമാർ പങ്കെടുത്തപ്പോൾ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വെർച്വൽ ഉച്ചകോടിയെ അഭിസംബോധന ചെയ്‌തു.
അഫ്‌ഗാന്‍ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്‌ഗാൻ താലിബാൻ പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ സഹായത്തിലാണ് അവിടുത്തെ സർക്കാർ പ്രവർത്തിച്ചിരുന്നത്. അഫ്‌ഗാന്‍റെ സാമ്പത്തിക രംഗം തകർന്നാൽ നമുക്ക് ഒന്നും നേടാനില്ലെന്ന് ഉച്ചകോടിക്ക് ശേഷം ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
നൂറ് കോടി യൂറോ അഫ്‌ഗാൻ ജനതയ്ക്ക് വേണ്ടി മാത്രമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. താലിബാന്‍റെ പ്രവർത്തനങ്ങൾക്ക് അഫ്‌ഗാൻ ജനത വില നൽകേണ്ടതില്ലെന്നും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ദേർ ലെയെൻ പറഞ്ഞു.