പാരീസ്: മെഡിറ്ററേനിയൻ നഗരമായ നൈസിലെ പള്ളിക്ക് സമീപം നടന്ന ആക്രമണത്തിൽ പിടിയിലായ പ്രതി ടുണീഷ്യന്‍ പൗരനാണെന്നും ഒക്‌ടോബർ ഒമ്പതിനാണ് പ്രതി ഫ്രാൻസിൽ എത്തിയതെന്നും ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ-ഫ്രാങ്കോയിസ് റിക്കാർഡ് പറഞ്ഞു. സെപ്റ്റംബർ 20ന് ലാംപെഡൂസ ദ്വീപ് വഴി ഇറ്റലിയിൽ പ്രവേശിച്ചുവെന്നും ഒക്‌ടോബർ ഒമ്പതിനാണ് പാരീസിലെത്തിയതെന്നും റിക്കാർഡ് വ്യക്തമാക്കി. 1999ൽ ജനിച്ചതാണെന്ന് ഉറപ്പാക്കുന്ന ഇറ്റാലിയൻ റെഡ്ക്രോസ് രേഖകൾ ഇയാളുടെ പക്കലുണ്ടെന്ന് റിക്കാർഡ് പറഞ്ഞു.
കൂടുതൽ വായിക്കാൻ: ഫ്രാൻസിൽ ഭീകരാക്രമണം; മൂന്ന് പേരെ കുത്തിക്കൊന്നു
സംഭവത്തിൽ അക്രമി സഞ്ചരിച്ച പാതയെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാൾക്ക് കൂട്ടാളികളുണ്ടോ എന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിറ്ററേനിയൻ നഗരമായ നൈസിലെ പള്ളിക്ക് സമീപം നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. നൈസിലെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ സംഭവത്തെ തീവ്രവാദ ആക്രമണമെന്ന് പറഞ്ഞിരുന്നു.