ബെർലിൻ: കൊവിഡിന് ശേഷം യുറോപ്പിനെ പിടിച്ചു കുലുക്കി പ്രളയം. പടിഞ്ഞാറൻ ജർമനിയിലും ബെൽജിയത്തിലും കനത്ത നാശം വിതച്ച് പ്രളയത്തിലെ മരണ സംഖ്യ പ്രതിദിനം ഉയരുകയാണ്. ഇതുവരെ 160 പേരാണ് പ്രളയത്തിൽ മരിച്ചതായുള്ള ഔദ്യോഗിക കണക്ക്. എന്നാൽ മരണസംഖ്യ ഉയരുമെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്.
പ്രളയത്തെ തുടർന്ന് ആയിരത്തിൽ അധികം പേരെയാണ് കാണാതായിട്ടുള്ളത്. ജലനിരപ്പ് താഴാത്തതും ആശയവിനിമ സംവിധാനങ്ങൾ പൂർണമായും സജ്ജമാകാത്തതിനെയും തുടർന്ന് നിരവധി പ്രദേശങ്ങളിലേക്ക് സുരക്ഷാ പ്രവർത്തകർക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ല.
അരനൂറ്റാണ്ടിലെ വലിയ പ്രകൃതി ദുരന്തം
അരനൂറ്റാണ്ടിൽ ജർമനിയിൽ സംഭവിച്ച വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഈ പ്രളയം. ജർമനിയിൽ മാത്രം ഇതിനകം 143 പേരാണ് പ്രളയത്തിൽ മരിച്ചത്. തെക്കൻ കൊളോണിലെ ആർവൈൽ ജില്ലയിൽ 98 പേർ പ്രളയത്തിൽ മരിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്ന് കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. കോളോണിൽ നിന്ന് വെള്ളിയാഴ്‌ച 700ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. നദികൾ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് നെതർലൻഡിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇരുട്ടിൽ കഴിയുന്നവർ ഏറെ
അതേ സമയം ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്‌ൻമെർ പ്രശ്‌ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. റൈൻലാൻഡ് പലറ്റിനേറ്റ്, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, കിഴക്കൻ ബെൽജിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 165,000 പേരോളം വൈദ്യുതിയുടെ അഭാവത്തിൽ ഇരുട്ടിൽ കഴിയുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.