ജനീവ: കൊവിഡ് ഡെൽറ്റ വകഭേദം ജനങ്ങളിലേക്ക് അതിവേഗമാണ് വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഒരു വെർച്വൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല് ആഴ്ചകളായി കൊവിഡ് കേസുകൾ വീണ്ടും കൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും വ്യാപനം തുടരുകയാണെന്നും ഇപ്പോൾ 104 രാജ്യങ്ങളിൽ വൈറസ് കണ്ടെത്തിയതായി സിൻഹുവ മാധ്യമം റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള നേതാക്കൾ അണുബാധകൾക്കെതിരെ വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ യുകെ ജൂലൈ 19 ന് എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നു.
Also read: നേപ്പാളിന് യുഎസിന്‍റെ സഹായം; എത്തിച്ചത് 1.5 ദശലക്ഷം കൊവിഡ് വാക്‌സിന്‍
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കൂടുതൽ അപകടം വിളിച്ച് വരുത്തുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ മുന്നറിയിപ്പ് നൽകി. സർക്കാരുകൾ വാക്സിനുകൾ പങ്കിടണമെന്നും ഒറ്റക്കെട്ടായി നിന്ന് പകർച്ചവ്യാധി എന്ന നരകത്തെ ഉന്മൂലനം ചെയ്യണമെന്നും ഗെബ്രിയേസസ് ആഹ്വാനം ചെയ്തു.