പാരീസ്: അടുത്ത വർഷം പകുതി വരെ കൊവിഡിനോട് തന്‍റെ രാജ്യം പോരാടുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. പാരീസ് മേഖലയിലെ ആശുപത്രി സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി മുതൽ ആറാഴ്ച വരെ രാജ്യത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗത്തേക്കും രാത്രിയിലുള്ള കർഫ്യൂ നീട്ടുമെന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3,000 മുതൽ 5,000 വരെ കുറയുമ്പോൾ കർഫ്യൂവിൽ ഇളവ് വരുത്തുമെന്നും മാക്രോൺ അറിയിച്ചു. ഫ്രാൻസ് പൂർണമായോ ഭാഗികമായോ ലോക്ക്ഡൗണിലേക്ക് പോകുമോ എന്ന് പറയാൻ ഇനിയും സമയമയില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഫ്രാൻസിൽ 40,000ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 298 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് നിരക്ക് കൂടുതലാണ്. കഴിഞ്ഞ പത്തു ദിവസങ്ങളിലായി യൂറോപ്പിലെ ദൈനംദിന കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയിലധികമാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ 7.8 ദശലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 247,000 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം ആഗോളതലത്തിൽ 42 ദശലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധിക്കുകയും 1.1 ദശലക്ഷത്തിലധികം കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.