ജനീവ: ലോകത്ത് കൊവിഡ് പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മിക്ക രാജ്യങ്ങളും വൈറസിനെതിരായ പോരാട്ടത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നമുക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. ഈ പ്രതിസന്ധി ഉടൻ അവസാനിക്കില്ല. സാമൂഹ്യ അകലം പാലിച്ചും വീടുകളില്‍ തന്നെ കഴിഞ്ഞും കൊവിഡ് വ്യാപനത്തെ തടയാൻ ഒരു പരിധി വരെ പല രാജ്യങ്ങൾക്കും കഴിഞ്ഞെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആദ്യം കൊവിഡ് വ്യാപനമുണ്ടായ ഇടങ്ങളില്‍ ഇപ്പോൾ വീണ്ടും കേസുകളുടെ എണ്ണം ഉയരാൻ തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള 2.6 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് 1,83,027 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.