ജനീവ: കൊവിഡ് 19 ആഗോളതലത്തില്‍ അതിവേഗത്തില്‍ വ്യാപിക്കുകയാണ്. അതിന്‍റെ അലകള്‍ കുട്ടികളില്‍ വളരെ പെട്ടന്ന് ബാധിക്കുമെന്ന് യൂനിസെഫ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ കൊവിഡ് മരണ നിരക്ക് ഉയരുമ്പോഴും പുതിയ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുമ്പോഴും ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, സുരക്ഷാ എന്നീ മേഖലകളില്‍ ഉണ്ടാകുന്ന ഇടിവ് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രസ്‌താവനയില്‍ യൂനിസെഫ് ഡയറക്ടര്‍ ലോറന്‍സ് ചാണ്ടി പറഞ്ഞു.
ഐഎംഎഫിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം 170 രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇതോടെ പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനം ഇല്ലാതാകുമെന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടി. ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് അടിയന്തരമായി സമൂഹിക സുരക്ഷിതത്വം നല്‍കണം. കുട്ടികള്‍ക്കായുള്ള സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും കുട്ടികളുടെ സുരക്ഷ അവശ്യ സര്‍വീസായി കാണാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 1.5 ബില്യണ്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ കൊവിഡ് പ്രതിസന്ധി ബാധിക്കും. ഗാര്‍ഹിക പീഡനത്തിന് ഇരകളായ കുട്ടികള്‍ ഇപ്പോള്‍ വീടുകളിലാണെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും യൂനിസെഫ് പറഞ്ഞു.