സിഡ്‌നി: ചൂടുകാലത്തുണ്ടാകുന്ന തീപിടുത്തങ്ങളുടെ നിരക്ക് കൂടിവരുന്നതിനാല്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളായ ക്വീന്‍സ്‌ലാന്‍റിലും, ന്യൂ സൗത്ത് വെയ്‌ല്‍സിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉടന്‍ പ്രദേശത്ത് നിന്നൊഴിയണമെന്ന് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും ഉഷ്‌ണ കാറ്റിന്‍റെ വേഗത കൂടിവരുന്ന സാഹചര്യത്തില്‍ തീപടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്‍റെ നടപടി.
കഴിഞ്ഞ ഒരാഴ്‌ചയായി ആവര്‍ത്തിക്കുന്ന തീപിടുത്തങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും 150 വീടുകള്‍ നശിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രദേശത്തേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശം അനുവദിച്ചിട്ടുള്ളത്. ഭൂരിഭാഗം റോഡുകളും അടച്ചിട്ടിരിക്കുകയാണ്.
വേനല്‍കാലത്ത് പ്രദേശത്തെ ചെറുകാടുകള്‍ക്ക് തീപിടിക്കുന്നത് സ്ഥിരം സംഭവമാണ്. ചുരുങ്ങിയ സമയങ്ങളില്‍ മാത്രമേ സാഹചര്യം രൂക്ഷമാകാറുള്ളു. 2009 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് പ്രശ്‌നം രൂക്ഷമായത്. അന്നുണ്ടായ വ്യാപക തീപിടുത്തത്തില്‍ 173 പേര്‍ കൊല്ലപ്പെട്ടിരുന്നു.