കാൻബെറ: ഓസ്ട്രേലിയയിൽ സജീവ കൊവിഡ് കേസുകൾ കുറയുന്നു. 2000ത്തോളം സജീവ രോഗികളുടെ കുറവാണ് കഴിഞ്ഞ ആഴ്‌ചയിൽ സംഭവിച്ചത്. നിലവിൽ പ്രായമായവരിൽ 1,811 സജീവ കേസുകളും ആരോഗ്യ പ്രവർത്തകരിൽ 753 സജീവ കേസുകളുമാണ് ഉള്ളതെന്ന് അധികൃതർ അറിയിച്ചു. വിക്‌ടോറിയയിലാണ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് വരുന്നത്. വിക്‌ടോറിയയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉണ്ടായിരുന്നത്. എന്നാൽ കൂടുതൽ മെഡിക്കൽ വിലയിരുത്തലുകളുടെയും രോഗികളെ കണ്ടെത്തി ചികിത്സ നൽകുന്നതിന്‍റെയും ഫലമായിട്ടാണ് സജീവ കൊവിഡ് കേസുകളിൽ കുറവ് വരുന്നത്.
ജൂലൈ 29ന് ശേഷം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഓസ്‌ട്രേലിയയിൽ ഇതുവരെ 24,236 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 246 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 13 കൊവിഡ് മരണവും വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 463 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ വിക്‌ടോറിയയിൽ 240 പേർക്കും ന്യൂ സൗത്ത് വെയിലിൽ അഞ്ച് പേർക്കും ക്യൂൻസ്‌ലാന്‍റിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.