പാരീസ്: പ്രവാചകന്‍റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് ആക്രമണം നേരിട്ട ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയുടെ മുൻ ഓഫീസിന് സമീപം കത്തി ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് അക്രമികൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ആക്രമണത്തിന് ചാർലി ഹെബ്ഡോയുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്നത് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. 2015ല്‍ കാര്‍ട്ടൂൺ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ വാരികയുടെ പാരിസിലെ ഓഫീസില്‍ ആക്രമണം ഉണ്ടായിരുന്നു. തുടർന്ന് ഇവർ ഓഫീസ് കെട്ടിടം മാറ്റിയിരുന്നു. അന്നത്തെ ആക്രമത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഫ്രാൻസിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കെയാണ് വെള്ളിയാഴ്ചത്തെ ആക്രമണം. പാരീസിലെ മാഗസിന്‍റെ ഓഫീസില്‍ ആയുധധാരികളായ സെയ്ദ്, ഷെരീഫ് എന്നിവരാണ് ആക്രമണം നടത്തിയത്.
ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണയാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഉച്ചയോടെ കേസിലെ അക്രമികളിൽ ചിലരുടെ വിധവകളെ വിസ്തരിക്കേണ്ടതായിരുന്നു. അതേസമയം വിചാരണയ്ക്ക് മുൻപ് ഈ മാസം ആദ്യം മാഗസിൻ വിവാദമായ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ചിരുന്നു. 'ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങൾ ഒന്നും ഉപേക്ഷിച്ചിട്ടുമില്ല' എന്നായിരുന്നു കാർട്ടൂൺ പ്രസിദ്ധീകരിച്ച് കൊണ്ട് മാഗസിൻ നിലപാട് വ്യക്തമാക്കിയത്.