റോം: കൊവിഡിനെ തുടർന്ന് ലോകത്ത് 132 മില്യൺ ആളുകൾ പട്ടിണിയിലായേക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ ഇൻ ദി വേൾഡ് 2020" റിപ്പോർട്ട് പുറത്തിറക്കിയ വേളയിലാണ് വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ആശങ്ക പങ്കുവെച്ചത്. 2019 ൽ ഏകദേശം 690 മില്യൺ ആളുകൾ പട്ടിണിയിലായെന്നും 2018 ൽ നിന്ന് 10 മില്യൺ വർധനവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിന്‍റെ പലഭാഗങ്ങളിലായി പട്ടിണി ആഴത്തിലുണ്ടെന്നും 2030ഓടെ പട്ടിണി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സുസ്ഥിര വികസന പദ്ധതി നടപ്പിലാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള ശരിയായ പാതയിലൂടെയല്ല നമ്മൾ പോകുന്നതെന്നും ഇത് മാറ്റേണ്ട സമയമായെന്നും ഓർഗനൈസേഷൻ ചീഫ് ഇക്കണോമിസ്റ്റ് മാക്സിമോ ടൊറോറോ പറഞ്ഞു. കൊവിഡ് സാഹചര്യങ്ങൾ ഈ അവസ്ഥയെ കൂടുതൽ വഷളാക്കി. നിലവിലെ സാഹചര്യം തുടർന്നാൽ 2030ൽ 840 മില്യൺ ആളുകൾ പോഷകാഹാരക്കുറവുള്ളവരായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ 60 മില്യൺ ആയി കുറഞ്ഞെന്നും 2004-2006ൽ 21.7 ശതമാനമായിരുന്ന നിരക്ക് 2017-19ൽ 14 ശതമാനമായി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.