ബെയ്‌ജിങ്: കൊവിഡ് -19ന്‍റെ ഉത്ഭവ കേന്ദ്രമായ വുഹാൻ നഗരത്തിലെ 11 ദശലക്ഷം ആളുകളിൽ വീണ്ടും കൊവിഡ് പരിശോധന നടത്താൻ പദ്ധതികൾ ആവിഷ്കരിച്ചു. നഗരത്തിലെ എല്ലാ ജില്ലകളിലും 10 ദിവസത്തെ പരീക്ഷണ പദ്ധതി തയാറാക്കാൻ ചൈനയിലെ ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ദി പേപ്പറിന്‍റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ജനസംഖ്യാ വലുപ്പത്തെ അടിസ്ഥാനമാക്കി സ്വന്തം പദ്ധതി ആവിഷ്കരിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ഈ പരീക്ഷണ പദ്ധതിയെ "10 ദിവസത്തെ യുദ്ധം" എന്നാണ് പരാമർശിക്കുന്നത്. പ്രായമായ ആളുകൾക്കും ജനസാന്ദ്രതയുള്ള കമ്മ്യൂണിറ്റികൾക്കും പരിശോധനയ്ക്ക് മുൻഗണന നൽകണമെന്നും പറയുന്നു.
എന്നിരുന്നാലും നഗരം മുഴുവൻ പരിശോധന നടത്തുന്നത് അസാധ്യവും ചെലവേറിയതുമാണെന്ന് ആരോഗ്യ വൃത്തങ്ങൾ പറയുന്നു. മെഡിക്കൽ തൊഴിലാളികൾ, ദുർബലരായ ആളുകൾ, കേസുമായി അടുത്ത ബന്ധമുള്ളവർ എന്നിവരെ പരിശോധിക്കാൻ വുഹാൻ യൂണിവേഴ്‌സിറ്റിയിലെ സോങ്‌നാൻ ഹോസ്പിറ്റലിന്‍റെ തീവ്രപരിചരണ വിഭാഗ ഡയറക്ടർ പെംഗ് സിയോങ് ആവശ്യപ്പെട്ടു. ഏകദേശം 3 മുതല്‍ 5 ദശലക്ഷം പേർ ഇതിനകം തന്നെ പരിശോധന നടത്തിയെന്നും 10 ദിവസത്തെ കാലയളവിൽ ബാക്കി 6 മുതല്‍ 8 ദശലക്ഷം പേരെ പരിശോധിക്കാൻ മറ്റൊരു യൂണിവേഴ്സിറ്റി ഡയറക്ടർ അഭിപ്രായപ്പെട്ടു. വുഹാനിൽ പുതിയതായി ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചൈനയിലെ ആകെ കൊവിഡ് കേസുകൾ 84,011ആണ്. 4,637 പേർ വൈറസ് ബാധിച്ച് മരിച്ചു.