ഇന്ന് ലോക കാൻസർ ദിനം. 'ഐ ആം ആന്‍റ് ഐ വിൽ ബി' എന്ന മുദ്രാവാക്യവുമായാണ് ഈ വർഷത്തെ കാൻസർ ദിനാചരണം. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഒരു വ്യക്തിയ ഇല്ലാതാക്കാൻ കഴിയുന്ന തരത്തിൽ ശക്തമാണ് കാൻസർ രോഗം. ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണവും കാൻസർ തന്നെ.
ലോക കാൻസർ ദിനം
1933ൽ ജനീവയിലാണ് ആദ്യമായി ലോക കാൻസർ ദിനം ആചരിച്ചത്. ക്യാൻസറിനെതിരായ അവബോധം വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 4ന് ലോക കാൻസർ ദിനമായി ആചരിക്കാൻ 2000 ഫെബ്രുവരി 4 ന് ലോക കാൻസർ കോൺഫറന്‍സ് തീരുമാനമെടുത്തു.
ഇന്ത്യൻ കാൻസർ സൊസൈറ്റി റിപ്പോർട്ട്
ഇന്ത്യൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ ഏകദേശം 1.5 ദശലക്ഷം പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 50 ശതമാനത്തോളം പേർക്ക് ഭേദപ്പെടുത്താനാവാത്ത അർബുദമാണ് ബാധിച്ചിട്ടുള്ളത്.
![World Cancer Day: How we can stay a step ahead of the deadly disease World Cancer Day ലോക കാൻസർ ദിനം ലോക കാൻസർ ദിനം; അറിഞ്ഞിരിക്കണം, ജാഗ്രതയോടിരിക്കണം...](https://etvbharatimages.akamaized.net/etvbharat/prod-images/cancer3_0402newsroom_1580783308_64.jpg)
ശ്വാസകോശം, വായ എന്നിവയുടെ അർബുദമാണ് പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നത്. അതെസമയം, സ്തനാർബുദവും വായയിലുണ്ടാകുന്ന അർബുദവുമാണ് 25 ശതമാനത്തോളം സ്ത്രീകളിൽ മരണകാരണം. എന്നിരുന്നാലും, ഈ ക്യാൻസറുകൾ തടയാനും നേരത്തേ കണ്ടെത്താനും പ്രാഥമിക ഘട്ടത്തിൽ ചികിത്സിക്കാനും കഴിയും.
കാൻസർ എന്ന ഭയം
1990 മുതൽ 2016 വരെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ജനങ്ങളെ ബാധിക്കുന്ന അർബുദങ്ങൾ കണക്കാക്കാൻ രാജ്യവ്യാപകമായി ഒരു പഠനം നടത്തി. കാൻസർ മൂലമുള്ള പുതിയ കേസുകളുടെയും മരണങ്ങളുടെയും എണ്ണം 1990 മുതൽ 2016 വരെ ഇരട്ടിയായതായി കണ്ടെത്തി. അർബുദ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലും മിസോറാമിലുമാണ്. ഹരിയാന, ദില്ലി, കർണാടക, ഗോവ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിലെ ക്യാൻസർ നിരക്കും 1990 മുതൽ 2016 വരെ 25.3% (16.8–34.2) വർദ്ധിച്ചു.
![World Cancer Day: How we can stay a step ahead of the deadly disease World Cancer Day ലോക കാൻസർ ദിനം ലോക കാൻസർ ദിനം; അറിഞ്ഞിരിക്കണം, ജാഗ്രതയോടിരിക്കണം...](https://etvbharatimages.akamaized.net/etvbharat/prod-images/cancer2_0402newsroom_1580783308_1089.jpg)
ശരീരലക്ഷണങ്ങളിൽ ശ്രദ്ധ വേണം
വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ, ദീർഘനേരം നീണ്ടുനിൽക്കുന്ന ചുമ,രക്തസ്രാവം എന്നിവ സാധാരണ തരത്തിലുള്ള ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. എന്നിരുന്നാലും, ഇവയോ ചുവടെ നൽകിയിരിക്കുന്ന ലക്ഷണങ്ങളോ എല്ലായ്പ്പോഴും കാൻസറിന്‍റേതാകണമെന്ന് നിർബന്ധമില്ല. എന്നാൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
മൂത്രം ഒഴിക്കുന്നതിൽ ബുദ്ധിമുട്ട്: മൂത്രത്തിലോ, മലത്തിലോ കാണുന്ന രക്തക്കറ, പഴുപ്പ്, പലതവണ വിസര്‍ജിക്കുവാനുള്ള ത്വര, വിസര്‍ജനത്തിനുള്ള തടസ്സം എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അതേപോലെ രക്തം ഛർദ്ദിക്കുന്നതും കാൻസർ ലക്ഷണമാകാം.
ചർമ്മത്തിൽ വരുന്ന മാറ്റങ്ങൾ: മറുക്, കാക്കപ്പുള്ളി, അരിമ്പാറ എന്നിവയിലുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, വലുപ്പ വ്യത്യാസങ്ങള്‍, ചൊറിച്ചില്‍, രക്തസ്രാവം എന്നിവ ശ്രദ്ധിക്കണം.
ദഹനകുറവ്: കാരണമില്ലാതെ തുടരെത്തുടരെയുണ്ടാകുന്ന ദഹനക്കുറവ് മുന്നറിയിപ്പാകാം.
അകാരണമായി ശരീരഭാരം കുറയുന്നത്: അമിതമായ വ്യായാമമോ ഭക്ഷണം കുറയ്ക്കലോ ഇല്ലാതെ മാസത്തില്‍ നാലരക്കിലോയില്‍ അധികം ഭാരം കുറഞ്ഞാല്‍ ശ്രദ്ധിക്കണം. പരിശോധനകള്‍ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പാക്കണം.
മുഴകളും തടിപ്പുകളും: ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പുകളും ശ്രദ്ധിക്കണം. പ്രത്യേകിച്ചും സ്ത്രീകളില്‍ സ്തനങ്ങളില്‍ ഉണ്ടാവുന്നവ. സ്തനങ്ങളിലെ മുഴ, തൊലിപ്പുറമേയുള്ള തടിപ്പ്, ചുവന്ന പാട്, മുലക്കണ്ണിൽ നിന്ന് സ്രവം, രക്തക്കറ എന്നിവ കാൻസർ മുന്നറിയിപ്പുകളാണ്.
ഭക്ഷണം കഴിക്കുന്നതിലുണ്ടാകുന്ന തടസ്സം: ഭക്ഷണം ഇറക്കുന്നതിലെ ബുദ്ധിമുട്ട് ചില സൂചനകളാണ്. ഈ പ്രശ്‌നമുള്ളവര്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകും.
കാൻസർ തടയുന്നതിനുള്ള ഏഴ് വഴികൾ
- ഉപ്പ് കുറയ്ക്കുക
- രാവിലെ സൂര്യനമസ്ക്കാരം ചെയ്യുക
- പ്ലാസ്റ്റിക്ക് വസ്തുക്കളിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കാതിരിക്കുക
- ശരീര ഭാരം നിയന്ത്രിക്കുക
- പുകവലി ഉപേക്ഷിക്കുക
- ശരിയായ ഉറക്കം
- കൃത്യമായ വൈദ്യ പരിരക്ഷ
കാൻസറിനെ ചെറുക്കുന്ന ഭക്ഷണങ്ങൾ
യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ റിച്ചാർഡ് ബെലിവുവും ഡെന്നിസ് ജിൻഗ്രാസും പ്രസിദ്ധീകരിച്ച ഒരു ഗവേഷണവും സമാനമായ നിരവധി പഠനങ്ങളും അനുസരിച്ച്, ഭക്ഷണവും ഭക്ഷണരീതിയും കാൻസറിനെ തടയുന്നതിൽ വളരെ പ്രധാനമാണെന്ന് തെളിയിക്കുന്നു.
തക്കാളി: ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ തക്കാളി പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു.
കാബേജുകൾ: കാബേജ്, കോളിഫ്‌ളവർ, ബ്രൊക്കോളി എന്നിവയെ 'കാൻസർ പോരാളികൾ' എന്ന് വിളിക്കുന്നു. അവ കോശങ്ങൾക്കും ഡിഎൻഎയ്ക്കും കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നുവെന്ന് പല പഠനങ്ങളും ഗവേഷണങ്ങളും തെളിയിക്കുന്നു.
ഇലക്കറികൾ: ചീരയിലും സമാനമായ മറ്റ് ഇലക്കറികളിലും അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നിവ കാൻസറിന്‍റെ വ്യാപനം തടയുന്നു.
വെളുത്തുള്ളി: ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നവരിൽ, വെളുത്തുള്ളി കഴിക്കാത്തവരേക്കാൾ വയറ്, വൻകുടൽ, അലിമെൻററി കനാൽ എന്നിവയുടെ കാൻസർ സാധ്യത കുറവാണ്.
ഗ്രീൻ ടീ: ഇതിന്‍റെ ഇലകളിൽ കാറ്റെച്ചിൻസ് എന്ന ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് സാധാരണ കോശങ്ങളെ സംരക്ഷിക്കുക മാത്രമല്ല ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് കരൾ, സ്തനം, ശ്വാസകോശം, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു.
മത്സ്യവും ലിൻസീഡും: മാംസാഹാരികൾ സാൽമൺ, ട്യൂണ മത്സ്യങ്ങൾ കഴിക്കണം. അവ പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. സസ്യാഹാരികൾക്ക് ഫ്ളാക്സ് സീഡ് കഴിക്കാം.
മാതളനാരങ്ങ: മാതളനാരങ്ങയിൽ ധാരാളം സ്വാഭാവിക ചേരുവകൾ കാണപ്പെടുന്നു. ഇത് സ്തനാർബുദത്തെ തടയാൻ വളരെയധികം സഹായിക്കുന്നു.
വാൽനട്ട്: വാൽനട്ടിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, കാൽസ്യം, ധാതു സ്രവങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങൾ പതിവായി വാൽനട്ട് കഴിക്കുകയാണെങ്കിൽ, ഇത് സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കും.