ഓസ്ട്രേലിയ: ക്യൂൻസ് ലാൻഡിലെ സ്റ്റാൻതാപോറില്‍ കാട്ടൂതീ പടർന്ന് 17 വീടുകൾ തകർന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഗോൾഡ് കോസ്റ്റിലെ നാല് പ്രദേശങ്ങളില്‍ നിന്ന് ആളുകൾ ഗ്രാനൈറ്റ് ബെല്‍റ്റിലേക്ക് മാറി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി പ്രദേശത്ത് ശക്തമായ കാറ്റ് തുടരുകയാണ്. അപകടമേഖലയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ അധികൃതർ നിർദ്ദേശം നല്‍കി. പുകയും പൊടിയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അന്തരീക്ഷത്തിലെ താപനില കുറഞ്ഞെങ്കിലും തീ പടരുന്നത് തുടരുകയാണ്. പ്രദേശത്ത് നിന്ന് ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പടർന്നതോടെ മരങ്ങൾ കടപുഴകി റോഡിലേക്ക് വീഴുന്നത് ഗതാഗത തടസം സൃഷ്ടിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലാണ് തീ പടർന്നതെന്ന് പൊലീസ് അറിയിച്ചു. ആഴ്ചകളോളം തീ തുടരുമെന്നാണ് സൂചന.