ഉസ്‌ബെക്കിസ്ഥാന്‍: വിശ്വസ്‌തനായ ഉറ്റ സുഹൃത്താണ് ഇന്ത്യയെന്ന് ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്‍റ് ഷൗക്കത്ത് മിർസിയോയെവ്. കൊവിഡ് കാലത്തെ സഹായത്തിന് നന്ദി അറിയിച്ച പ്രസിഡന്‍റ് ഇരു രാജ്യങ്ങൾക്കും പുരാതനമായ ചരിത്രങ്ങളുണ്ടെന്നും അഭിപ്രായപ്പെട്ടു. മുൻനിര ലോക ശക്തികളിൽ ഒന്നാണ് ഇന്ത്യയെന്നും സാമ്പത്തിക ബൗദ്ധിക ശക്തികളിലൊന്നാകാൻ ഇന്ത്യക്ക് സാധിക്കുമെന്നും ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ വെർച്വൽ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചെപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനം ഒരു ചരിത്ര നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞു.