ന്യൂയോര്‍ക്ക്: പട്ടാള അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധം നടക്കുന്ന മ്യാൻമറിലെ സ്ഥിതി അതീവ ഗരുതരമെന്ന് ഐക്യരാഷ്‌ട്ര സഭ. ജനകീയ സമരത്തെ കിരാതമായി നേരിടുന്ന സൈന്യം 51 കുട്ടികളെ കൊലപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ആയിരത്തോളം കുട്ടികളെ സൈന്യം കസ്റ്റഡയിലെടുത്തിട്ടുണ്ടെന്നും ന്യൂ യോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐക്യരാഷ്‌ട്ര സഭ വക്താവ് സ്റ്റെഫിനി ഡുജാറിക് അറിയിച്ചു.
അതിക്രമം അവസാനിപ്പിക്കാൻ മ്യാൻമര്‍ സൈന്യ തയാറാകണമെന്നും ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ സൈന്യം സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. തുടർന്ന് രാജ്യത്ത് ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപെടുത്തി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്നു. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും. സൈനിക അട്ടിമറിക്കെതിരെ മ്യാൻമറിൽ പ്രക്ഷോഭം തുടരുകയാണ്. ഇതുവരെ 707 ഓളം പേര്‍ പട്ടാളത്തിന്‍റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.