ബാങ്കോക്ക്: പ്രധാനമന്ത്രി പ്രയൂത്ത് ചാൻ-ഒച്ചക്കെതിരെ എതിർപ്പറിയിച്ച പാർട്ടിയെ നിരോധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് രാജ്യത്ത് വൻ പ്രതിഷേധം. ഫ്യൂച്ചർ ഫോർവേഡ് പാർട്ടി (എഫ്എഫ്‌പി) പിരിച്ചുവിടാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം നടത്തിയതിനെ തുടർന്ന് പ്രതിഷേധ പ്രകടനവുമായി ജനങ്ങൾ ബാങ്കോക്കിൽ തെരുവിലിറങ്ങിയത്. ശതകോടീശ്വരനായ താനത്തോൺ ജുവാങ്‌റോങ്‌വാങ്‌കിറ്റിൽ നിന്ന് വായ്പ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നിയമം ലംഘിച്ചുവെന്ന് കാണിച്ചാണ് ഫ്യൂച്ചർ ഫോർവേഡ് പാർട്ടി (എഫ്എഫ്‌പി) പിരിച്ചുവിടാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം നടത്തിയത്.
കേസ് നിലവിൽ രാജ്യത്തെ ഭരണഘടനാ കോടതിയിലാണ്. മുൻ സൈനിക ഭരണാധികാരിയായിരുന്ന പ്രയൂത്ത് ചാൻ-ഓച്ച സിവിലിയൻ പ്രധാനമന്ത്രിയായി അധികാരത്തിൽ തിരിച്ചെത്തിയ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നാണ് എഫ്എഫ്‌പി ആരോപണം. സർക്കാരിനെ മാറ്റണമെന്നും സ്വേച്ഛാധിപത്യമാണ് രാജ്യത്ത് നടക്കുന്നതെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. എഫ്എഫ്‌പി നേതാവ് തനാത്തോണിന്‍റെ പുരോഗമന ആശയങ്ങൾ സർക്കാരിന് ഭീഷണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ ഓഹരികൾ കൈവശം വച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിച്ചതായി ഭരണഘടനാ കോടതി കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മാസം അവസാനം താനത്തോൺ പാർലമെന്‍റേറിയൻ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.