മോസ്‌കോ: റഷ്യയില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. റഷ്യയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാക്കളെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സെപ്തംബറിലാണ് തെരഞ്ഞെടുപ്പ്. അഴിമതി ആരോപണങ്ങളും ജനങ്ങളുടെ ജീവിത നിലവാരം കുറയുന്നതും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമർ പുടിന്‍റെ ജനസമ്മിതി കുറക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
നോമിനേഷന്‍ നല്‍കുന്നതിനൊപ്പം 5000 സമ്മതിദായകരുടെ ഒപ്പും ഹാജരാക്കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ നല്‍കിയ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി പ്രതിപക്ഷ പാര്‍ട്ടികളിലെ 30 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെതിരെ റഷ്യയുടെ തലസ്ഥാന നഗരിയില്‍ വ്യാപക പ്രതിഷേധ പ്രകടനമാണ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ലുബോവ് സുബോള്‍ എന്ന സ്ഥാനാര്‍ഥി തന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ചു.