കാബൂൾ: അഫ്‌ഗാൻ പ്രവിശ്യയിലെ കാണ്ഡഹാറും താലിബാൻ പിടിച്ചെടുത്തതായി അഫ്‌ഗാൻ അധികൃതർ അറിയിച്ചു. താലിബാൻ കീഴടക്കുന്ന 12-ാമത്തെ പ്രവിശ്യാതലസ്ഥാനമാണിത്. രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ് കാണ്ഡഹാർ. ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തും താലിബാൻ പിടിച്ചെടുത്തു.
വ്യാഴാഴ്‌ച രാത്രിയോടെയാണ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്തത്. പ്രദേശത്തുണ്ടായിരുന്ന സർക്കാരുദ്യോഗസ്ഥർ വ്യോമമാർഗം രക്ഷപ്പെട്ടതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്ഥിതിവിവരങ്ങൾ രഹസ്യമായി ചർച്ചചെയ്‌തുവരികയാണ്.
കാണ്ഡഹാർ ജയിൽ കീഴടക്കിയ ഭീകരർ ജയിലിലെ കുറ്റവാളികളെ തുറന്നുവിട്ടതായി മാധ്യമങ്ങൾ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരാഴ്‌ച നീണ്ടുനിന്ന മിന്നലാക്രമണത്തിൽ അഫ്‌ഗാന്‍റെ 34 പ്രവിശ്യാതലസ്ഥാനങ്ങളിൽ 11എണ്ണമാണ് നേരത്തേ ഭീകരർ പിടിച്ചടക്കിയത്.
നേരത്തേ കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള ഗസ്‌നി പ്രവിശ്യയും ഭീകരർ പിടിച്ചെടുത്തു. ഗസ്‌നി കൈയേറിയതിലൂടെ രാജ്യത്തെ തെക്കൻ പ്രവിശ്യകളുമായി അഫ്‌ഗാനെ ബന്ധിപ്പിക്കുന്ന ഗതാഗതമാർഗം കൂടിയാണ് നഷ്‌ടപ്പെട്ടത്.
90 ദിവസത്തിനുള്ളിൽ താലിബാൻ കാബൂൾ പിടിച്ചടക്കുമെന്ന സൂചനകൾ ശരിവയ്‌ക്കുന്നതാണ് നിലവിലെ നീക്കങ്ങൾ. അതേസമയം അഫ്‌ഗാനിസ്ഥാനിൽ സംഘർഷം അവസാനിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. താലിബാനുമായി അധികാരം പങ്കിടാൻ സർക്കാർ തീരുമാനിച്ചതായുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
ALSO READ:അഫ്‌ഗാനിലെ ഇന്ത്യക്കാരെ തിരിച്ചുവിളിച്ചു, താലിബാൻ ആക്രമണം ശക്തം
അതിനിടെ കാബൂള്‍ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചു. സഹായത്തിനായി മൂവായിരം സൈനികരെ അയച്ചു.