കാബൂൾ: മൂന്ന് ഇന്ത്യൻ എഞ്ചിനീയർമാരെ വിട്ടയച്ചതായി താലിബാൻ അറിയിച്ചു. താലിബാനിലെ ചില ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ 11 അംഗങ്ങളെ കൈമാറിയതിനാലാണ് എഞ്ചിനീയർമാരെ വിട്ടയച്ചത്. വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാഗ്ലാൻ പട്ടണത്തിൽ എഞ്ചിനീയർമാർ ഒരു വർഷത്തോളമായി ബന്ദികളായിരുന്നു. യുഎസ് സമാധാന പ്രതിനിധി സൽമൈ ഖലീൽസാദ് താലിബാന്‍റെ ഉന്നത ചർച്ചക്കാരനായ മുല്ല അബ്ദുൽ ഘാനി ബരാദറിനെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് എഞ്ചിനീയർമാരെ വിട്ടയക്കുന്ന തീരുമാനം വന്നത്.
വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഡാ അഫ്ഗാനിസ്ഥാൻ ബ്രെഷ്ന ഷെർകാട്ടിനലിൽ (ഡാബ്സ്) ജോലി ചെയ്യുന്ന ഏഴ് ഇന്ത്യൻ എഞ്ചിനീയർമാരെ ബാഗ്ലാനിൽ കാണാതായെന്ന് കഴിഞ്ഞ വർഷം മെയ് മാസത്തിൽ കാബൂളിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. മോചിതരായ താലിബാൻ നേതാക്കളിൽ ഷെയ്ഖ് അബ്ദുർ റഹിം, മൗലവി അബ്ദുർ റാഷിദ് എന്നിവരും ഉൾപ്പെടുന്നു.