കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിച്ചതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ. കാബൂളിൽ നിന്ന് അവസാന സൈനിക വിമാനവും പുറപ്പെട്ടപ്പോഴായിരുന്നു താലിബാൻ ഭരണകൂടം 'ആഘോഷ വെടിവയ്പ്പ്' നടത്തിയത്. യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസിയാണ് പെന്‍റഗൺ വാർത്താ സമ്മേളനത്തിൽ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്.
അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നെന്നും അമേരിക്കൻ പൗരന്മാരെയും അഫ്‌ഗാൻകാരെയും എയർലിഫ്റ്റ് ചെയ്യുന്ന സൈനികദൗത്യം അവസാനിപ്പിക്കുന്നതായും പ്രഖ്യാപിക്കുന്നതായി ഓഗസ്റ്റ് 30 ഹമീദ് കർസായി അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ഓഗസ്റ്റ് 30 അഫ്‌ഗാൻ സമയം രാത്രി ഒമ്പതിന് കാബൂൾ വിമാനത്താവളത്തിൽ നിന്ന് അവസാന അമേരിക്കൻ സൈനിക വിമാനവും പുറപ്പെട്ടതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. അഫ്‌ഗാൻ രാജ്യം പൂർണ സ്വാതന്ത്ര്യം നേടിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, അഫ്‌ഗാസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും. 20 വർഷത്തെ സൈനിക സേവനമാണ് അമേരിക്ക അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഓഗസ്റ്റ് 31 ഓടെ സൈന്യത്തെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ബൈഡൻ അറിയിച്ചിരുന്നു.
Also read:അവസാന യു.എസ് വിമാനവും അഫ്ഗാൻ വിട്ടു; ദൗത്യം പൂര്‍ത്തിയായെന്ന് ബൈഡൻ