നോം പെന്‍: കംമ്പോഡിയയില്‍ റൈസ് വൈന്‍ കുടിച്ച് നാല് പേര്‍ മരിച്ചു. 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈനില്‍ വിഷം കലര്‍ന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കംമ്പോഡിയയിലെ ബാന്‍റേയ് മീന്‍ചെയ് സ്വദേശികള്‍ക്കാണ് വൈന്‍ കുടിച്ച് വിഷബാധയേറ്റത്. വൈനിന്‍റെ കൂടെ പരമ്പരാഗതമായ മരുന്നും കലര്‍ത്തിയിരുന്നതായി പൊലീസ് മേധാവി ജനറല്‍ അത് കീം വ്യക്തമാക്കി. അപകടകരവും വിലകുറഞ്ഞതുമായ ലഹരി പാനീയങ്ങളുടെ ലഭ്യത കംമ്പോഡിയയിലെ ഗ്രാമ പ്രദേശങ്ങളില്‍ സുലഭമാണ്. വിഷബാധയേറ്റ നിരവധി കേസുകളാണ് ഇത്തരത്തില്‍ ഇവിടെ നിന്നും വര്‍ഷം തോറും പുറത്തുവരുന്നത്. കൂടാതെ മെഥനോള്‍ അടങ്ങിയ മദ്യം ശരിയായി വാറ്റിയെടുക്കാറുമില്ല. ഇത് ചെറിയ അളവില്‍ ശരീരത്തിലെത്തുന്നത് പോലും മരണ കാരണമായേക്കാം.
മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി വിറ്റഴിഞ്ഞു വരുന്ന വൈനാണിത്. സംഭവത്തില്‍ വൈന്‍ കമ്പനി ഉടമയെ പൊലീസ് ചോദ്യം ചെയ്യുമെന്ന് പൊലീസ് മേധാവി വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തില്‍ വൈനില്‍ വിഷപദാര്‍ഥം കലര്‍ന്നതായി കരുതുന്നതായും തലസ്ഥാനത്തെ ലാബില്‍ സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 2018ല്‍ മെഥനോള്‍ അടങ്ങിയ റൈസ് വൈന്‍ കഴിച്ച് 14 ഗ്രാമീണരാണ് ക്രേഷ്യാ പ്രവശ്യയില്‍ മരിച്ചത്. ഇരുന്നൂറിലധികം ആളുകള്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്‌തു.