ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ വാതകച്ചോര്‍ച്ച മൂലമുണ്ടായെന്ന് സംശയിക്കുന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ നഗരത്തിലെ റസ്റ്റോറന്‍റിലാണ് വാതകചോര്‍ച്ചയും പൊട്ടിത്തെറിയും ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. തീപിടിത്തത്തിന്‍റെ ലക്ഷണമില്ലെന്നും വാതകചോര്‍ച്ചയാകാം പൊട്ടിത്തെറിക്ക് കാരണമെന്നും കൊറിയാം ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഉദ്യോഗസ്ഥന്‍ ഹിരോകി ഒഗാവ പറഞ്ഞു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ മേഖല അടക്കുകയും പ്രദേശവാസികളെ ഒഴിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സ്ഫോടനത്തില്‍ ചുമരുകളും ജനലുകളിലെ ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്. സമീപത്തുള്ള ബാങ്കിലെ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്.
നഗരത്തിലെ തിരക്കേറിയ ട്രെയിന്‍ സ്റ്റേഷന് സമീപമാണ് സ്‌ഫോടനം. ആശുപത്രികളും, സ്‌കൂളുകളും പ്രദേശത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായെന്നും ആദ്യം ഭൂകമ്പമാണെന്നാണ് വിചാരിച്ചിരുന്നതെന്നും സമീപത്തെ ആശുപത്രിയിലെ ജീവനക്കാരന്‍ പറഞ്ഞു. ജനലുകള്‍ക്ക് കേടുപാട് പറ്റിയതല്ലാതെ ആശുപത്രിയിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.