കൊളംബോ: ഈസ്റ്റർ ദിനത്തില്‍ ഇരുനൂറ്റിയമ്പതോളം പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീട്ടി. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ നിയമം ഒരു മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് അടിയന്തരാവസ്ഥ നീട്ടുന്നതെന്ന് പ്രസിഡന്‍റ് അറിയിച്ചു. കൂടുതൽ ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും സംശയമുള്ളവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഏപ്രിൽ 21 ന് സംഭവിച്ച സ‌്ഫോടനപരമ്പരയെ തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ശനിയാഴ്ചയായിരുന്നു അവസാനിക്കേണ്ടത്.
എന്നാൽ അടിയന്തരാവസ്ഥ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൈന്യത്തിന് സമ്പൂർണസ്വാതന്ത്ര്യം കൊടുക്കുന്ന നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ രംഗത്ത് വന്നിരുന്നു. രാജ്യത്തെ സുരക്ഷാ സ്ഥിതി 99 ശതമാനം പൂർവ്വസ്ഥിതിയിലായാൽ നിയമം പിൻവലിക്കുമെന്ന് കഴിഞ്ഞ മേയില്‍ സിരിസേന വിദേശ നയതന്ത്രജ്ഞരോട് പറഞ്ഞിരുന്നു. ഒരു മാസത്തേക്ക് കൂടി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാതിനാൽ 10 ദിവസത്തിനുള്ളില്‍ പാര്‍ലമെന്‍റ് ഇത് അംഗീകരിക്കണം. ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ നൂറിലധികം പേര്‍ അറസ്റ്റിലാണ്.