സിംഗപ്പൂര്‍: കൊവിഡ് പോസിറ്റീവായ 191 കേസുകള്‍ കൂടി സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 45613 ആയി. ഡോര്‍മെറ്ററികളില്‍ താമസിക്കുന്ന വിദേശികളാണ് രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് സിംഗപ്പൂര്‍ പൗരന്മാരും വര്‍ക്ക് പാസിലുള്ള ഒമ്പത് വിദേശികളും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച ബംഗ്ലാദേശി പൗരന്‍ മരിച്ചിരുന്നു. ഹൃദയ, ശ്വാസകോശ പ്രശ്‌നങ്ങളാണ് ഇയാളുടെ മരണത്തിന്‍റെ പ്രാഥമിക കാരണമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇയാളുടെ മരണം കൊവിഡ് മരണനിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 26 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കൊവിഡ് രോഗത്തിന്‍റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിനായി രോഗവിമുക്തി നേടിയ 500 പേരെ നിലവില്‍ പഠനവിധേയമാക്കുന്നുണ്ടെന്ന് സ്ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. രണ്ട് വര്‍ഷം വരെ നീളാവുന്ന പഠനത്തിന് നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍ഫക്ഷ്യസ് ഡിസീസാണ് നേതൃത്വം നല്‍കുന്നത്.