സിംഗപ്പൂര്‍: കൊവിഡ് ചികിത്സയുടെ ഭാഗമായി മനുഷ്യനില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായ ബയോടെക്‌നോളജി സ്ഥാപനം. കൊവിഡിനെതിരെയുള്ള മോണോക്ലോണല്‍ ആന്‍റിബോഡി ചികില്‍സാരീതിയാണ് അടുത്താഴ്‌ച മുതല്‍ സ്ഥാപനം മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ആരോഗ്യവാന്‍മാരായ വളന്‍റിയര്‍മാരില്‍ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് സിംഗപ്പൂര്‍ ഹെല്‍ത്ത് സയന്‍സ് അതോറിറ്റി അംഗീകാരം നല്‍കിയതായി നിക്ഷേപക കമ്പനിയായ തെമസേക് ഹോള്‍ഡിങ്സിന്‍റെ കീഴിലുള്ള ടൈചാന്‍ ബയോടെക്‌നോളജി സ്ഥാപനം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ടിവൈ 027 എന്ന മോണോക്ലോണല്‍ ആന്‍റിബോഡിയെയാണ് സ്ഥാപനം വികസിപ്പിച്ചെടുത്തത്. ഇവ ശരീരത്തിലെ ആന്‍റിബോഡികളെ അനുകരിക്കുന്ന സ്വഭാവമുള്ളവയാണ്. രോഗികളെ ചികില്‍സിക്കുന്നതിനായി ഇവ വലിയ അളവില്‍ നിര്‍മിക്കാവുന്നതാണ്.
സിംഗപ്പൂരില്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനൊരുങ്ങുന്ന ആദ്യ സ്ഥാപനമാണ് ടൈചന്‍. ട്രയല്‍ വിജയമാണെങ്കില്‍ രോഗികളില്‍ കൊവിഡ് ഗുരുതരമാതാകാതെ തടയാന്‍ ആന്‍റിബോഡികളെ ഉപയോഗിക്കാമെന്നും ഇവരില്‍ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കാതെ തടയാനാകുമെന്നും സ്ഥാപനത്തിലെ പ്രൊഫസര്‍ വ്യക്തമാക്കി. നിലവില്‍ ഓക്‌സിജന്‍ സഹായം ആവശ്യമുള്ള രോഗികള്‍ക്ക് പുതിയ മരുന്ന് ഉപയോഗിക്കുന്നതോടെ വെന്‍റിലേറ്റര്‍ വേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. വെന്‍റിലേറ്ററിലുള്ള രോഗികള്‍ക്ക് വെന്‍റിലേറ്റര്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാര്‍സ് കോവ് 2 വിനെതിരെ താല്‍ക്കാലിക സംരക്ഷണം നല്‍കാനുള്ള മരുന്നിന്‍റെ ശേഷിയെക്കുറിച്ചും വിലയിരുത്തുമെന്ന് ടൈചാന്‍ അധികൃതര്‍ പറഞ്ഞു. മോണോക്ലോണല്‍ ആന്‍റിബോഡി 23 എന്ന പേരാണ് പരീക്ഷണാര്‍ഥം നല്‍കുക. തുടര്‍ന്ന് മരുന്നിന്‍റെ പുരോഗതിയെക്കുറിച്ച് ഗവേഷക സംഘം വിലയിരുത്തും. സിംഗപ്പൂര്‍ ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ മെഡിസിന്‍ യൂണിറ്റാണ് ആദ്യഘട്ട ട്രയല്‍ നടത്തുക. ആറാഴ്‌ച സമയം ഇതിനായി വേണ്ടി വരുമെന്ന് ടൈചാന്‍ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സാമ്പത്തിക വികസന ബോര്‍ഡ്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സ്ഥാപനം പരീക്ഷണം നടത്തുന്നത്.