ധാക്ക: റോഹിങ്ക്യൻ പ്രതിസന്ധിയിൽ ഉറച്ചതീരുമാനമാകാതെ യുഎൻ സെക്യൂരിറ്റി കൗൺസിൽ. സ്ഥിരം അംഗങ്ങൾക്കിടയിൽ സമവായശ്രമം പരാജയപ്പെട്ടതാണ് കാരണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുല്‍ മൊമൻ പറഞ്ഞു.
ഐക്യരാഷ്ട്രസഭയും മറ്റ് സർക്കാരിതര സംഘടനകളും കുടിയൊഴിപ്പിക്കപ്പെട്ട മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജന്മനാടായ വടക്കൻ റാഖൈൻ സന്ദർശിക്കാൻ അനുവദിക്കുന്നില്ല. റോഹിങ്ക്യകളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള വലിയ തടസമാണിത്. തൽഫലമായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ റോഹിങ്ക്യകൾ താൽപ്പര്യപ്പെടുന്നില്ലെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
റോഹിങ്ക്യൻ പ്രശ്നം പരിഹരിക്കുന്നതിനായി മ്യാന്മറുമായി ഉഭയകക്ഷി ചർച്ച തുടരുകയല്ലാതെ മറ്റൊരു ബദൽ മാർഗമില്ലെന്നും അബ്ദുല്‍ മൊമൻ പറഞ്ഞു. ഇതിനായി ഐക്യരാഷ്ട്രസഭയിലൂടെ മ്യാന്മറിൽ അന്താരാഷ്ട്ര സമ്മർദം ചെലുത്തുകയും അത് നിലനിർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് അനധികൃതമായി കുടിയേറുന്നവരായാണ് മ്യാൻമർ റോഹിങ്ക്യകളെ കണക്കാക്കുന്നത്. 2012ൽ നടന്ന അക്രമങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെയാണ് റാഖൈനിലെ ക്യാമ്പുകളിൽ ഒതുക്കിയത്.